Monday, January 25, 2010

പറുദീസയിലേക്ക്‌...........

ഉരുകിയൊലിക്കുന്ന പകലില്‍ നിന്ന്,
ഞാന്‍ ഒരു പറുദീസയിലേക്ക്‌
കയറിച്ചെന്നു......
എയര്‍ കണ്ടീഷ്ണറിന്റെ തണുത്ത ശബ്ദത്തില്‍
എന്നില്‍ ഒട്ടി നിന്ന അവസാനത്തെ
വിയര്‍പ്പ് തുള്ളിയും ഞെട്ടി മരിച്ചു.

ചുവരുകളില്‍......
പാടി പാടി ചങ്ക് പൊട്ടി മരിച്ച,
ഗായകരുടെ പ്രേതങ്ങള്‍ തളര്‍ന്നിരുന്നു.
മുഖാമുഖമിരുന്നു പ്രണയികള്‍
ഇന്‍സ്റ്റന്റ് പ്രണയത്തിന്‍റെ
വിഷം കുടിച്ചു കൊണ്ടിരുന്നു.
ഉപാധികളില്ലാത്ത പ്രണയമന്വേഷിച്ചു
ജീവിതം തേഞ്ഞു പോയ
ഒരു കറുത്ത കവിയുടെ ഇരിപ്പിടം
ഇരന്നു വാങ്ങി ഞാനിരുന്നു
പുരുഷാര്‍ഥങ്ങളെ അപഹരിക്കുന്ന പെണ്ണതതെ
പ്രാകി അയാള്‍ ഇറങ്ങിപോയി

ഇല്ല,ഞാനിവിടെ വന്നത്
അപ്രിയ സത്യങ്ങളുടെ കൈപ്പ് നീര്‍ കുടിക്കാനല്ല.
ഇയ്യാം പാറ്റകളുടെ പ്രണയ പ്രഹസ്സനം
കണ്ടു കണ്ണ് കഴക്കാനല്ല

പണ്ടെന്നോ,
നീയുമൊന്നിച്ചിവിടെ ഇരുന്ന നിമിഷങ്ങളുടെ
ചിതറി തെറിച്ച കഷ്ണങ്ങള്‍ പെറുക്കിയെടുക്കാന്‍
അന്ന്, നീയുപേക്ഷിച്ചു പോയ നിശ്വാസങ്ങള്‍
ശ്വസിച്ച്ചെടുക്കാന്‍
അന്ന്, നീ ബാക്കി വെച്ച മഞ്ഞിന്‍ കണങ്ങളില്‍
തണുത്തു മരവിച്ചു മരിച്ചു കിടക്കാന്‍.......

3 comments:

  1. ഇല്ല,ഞാനിവിടെ വന്നത്
    അപ്രിയ സത്യങ്ങളുടെ കൈപ്പ് നീര്‍ കുടിക്കാനല്ല.
    ഇയ്യാം പാറ്റകളുടെ പ്രണയ പ്രഹസ്സനം
    കണ്ടു കണ്ണ് കഴക്കാനല്ല

    www.tomskonumadam.blogspot.com

    ReplyDelete
  2. നല്ല പ്രണയ കവിതയാണല്ലോ !!!
    ആശംസകള്‍.

    ReplyDelete